മലയാള സിനിമയിലെ പുതുകോമഡി കൂട്ടുകെട്ടായ കലാഭവന്‍ ഷാജോണും ബാബുരാജും വീണ്ടും ഒന്നിക്കുന്നു. ജയറാം നായകനാകുന്ന അക്കു അക്ബര്‍ ചിത്രമായ ഉല്‍സാഹകമ്മിറ്റിയിലൂടെയാണ് ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ഇവര്‍ എത്തുന്നത്.
ദിലീപ് നായകനായ ശൃംഗാരവേലനില്‍ ഇവര്‍ ഒരുക്കുന്ന തമാശ ഇപ്പോഴും മലയാളികള്‍ ആസ്വദിക്കുകയാണ്. ഉല്‍സാഹകമ്മിറ്റി മുഴുനീള കോമഡിയാണ്. ഇവരുടെ പേരുകേട്ടാല്‍ തന്നെ പ്രേക്ഷകര്‍ ചിരിക്കുമെന്ന് ഉറപ്പാണ്. ചോളാരി പ്രകാശ് എന്നാണ് ബാബുരാജിന്റെ കഥാപാത്രത്തിന്റെ പേര്. ഷാജോണ്‍ ബാബുമോനും. ജയറാം അപൂര്‍വ്വന്‍ എന്ന അപൂര്‍വ്വ പേരിലും എത്തുന്നു.
ശാസ്ത്രജ്ഞരാകാന്‍ കൊതിച്ച ഇവര്‍ ഏഴാംകല്‍സില്‍ തോറ്റതോടെ പഠനം അവസാനിപ്പിക്കുന്നു. ചോളാരി പ്രകാശ് എന്ന ചോപ്ര ഗുണ്ടയുടെ മകനാണ്. പഠനം നിര്‍ത്തിയ ചോപ്ര കളരി പഠിച്ചെത്തി ഗുണ്ടയാകുന്നു. തെങ്ങുക്കയറ്റക്കാരുടെ ക്ഷാമം പരിഹരിക്കാനുള്ള യന്ത്രം, തൊഴിലാളികള്‍ വിയര്‍ക്കാതിരിക്കാന്‍ എസി ഷര്‍ട്ട്, വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ സോളാര്‍ ബള്‍ബുകള്‍ ഇങ്ങനെ നാട്ടുകാര്‍ക്കു തലവേദനയാകുന്ന പലതും അവര്‍ കണ്ടെത്തുന്നു. കാരിക്കേച്ചര്‍ രൂപത്തിലാണ് സംവിധായകന്‍ അക്കു അക്ബര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദൃശ്യത്തിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തോടെ ഷാജോണിന്റെ മാര്‍ക്കറ്റ് റേറ്റ് ഉയര്‍ന്നിരിക്കുകയാണ്. ദൃശ്യം വരെ ഷാജോണ്‍ കോമഡിയാണ് ചെയ്തിരുന്നത്. എന്നാല്‍ ദൃശ്യത്തിലെ വില്ലന്‍ പൊലീസ് ശരിക്കും കയ്യടി നേടിക്കൊടുത്തു. കോമഡിയില്‍ നിന്ന് വില്ലത്തരത്തിലേക്കാണ് ഷാജോണ്‍ പോയതെങ്കില്‍ ബാബുരാജ് വില്ലത്തരത്തില്‍ നിന്ന് കോമഡിയിലേക്കാണ് വന്നത്. ചാന്ദ് വി ക്രിയേഷന്റെ ബാനറില്‍ അരുണ്‍ഘോഷും ബിജോയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിനു കഥയെഴുതിയത് അരുണ്‍ ഘോഷ് തന്നെയാണ്. ഷൈജു അന്തിക്കാടാണ് തിരക്കഥ എഴുതുന്നത്. ജയറാമും ഷീലയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇഷാ തല്‍വാര്‍ ആണ് നായിക. ജോയ് മാത്യു, സുരാജ് വെഞ്ഞാറമൂട്, കൊച്ചുപ്രേമന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Post a Comment